കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം
Friday, September 13, 2024 12:24 PM IST
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം അനുവദിച്ചു. വ്യാഴാഴ്ച ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളത്തുക കൈമാറി. ഒന്നര വർഷത്തിന് ശേഷമാണ് ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം അനുവദിക്കുന്നത്.
കെഎസ്ആർടിസിയുടെ സേവിംഗ്സ് അക്കൗണ്ടിലുണ്ടായിരുന്ന തുകയും ഡീസൽ വിതരണം ചെയ്യുന്ന ഓയിൽ കമ്പനികൾക്ക് നല്കേണ്ടുന്ന തുകയും വിനിയോഗിച്ചാണ് കഴിഞ്ഞ മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്യുന്നത്.
ശമ്പളവിതരണത്തിന് സർക്കാർ സഹായം ഈ മാസം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസിയിലെ ധനകാര്യമേധാവി പറഞ്ഞു. എന്നാൽ പെൻഷൻ വിതരണത്തിനായി 74 കോടി സർക്കാർ അനുവദിച്ചിരുന്നു. ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.
കെഎസ്ആർടിസി ജീവനക്കാരുടെ ബോണസ്, ഉത്സവ ബത്ത, അഡ്വാൻസ് എന്നിവയെക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഇതേക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനത്തിലെത്തും. അതേസമയം, കുടിശിക വരുത്തിയാൽ എണ്ണക്കമ്പനികൾ ഡീസൽ കൃത്യമായി വിതരണം ചെയ്യുമോ എന്ന പ്രശ്നം പിന്നാലെ വരുന്നുണ്ട്.