വാഹനാപകടത്തില്‍പ്പെട്ടയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; രക്തംവാര്‍ന്നു ദാരുണാന്ത്യം
Wednesday, September 11, 2024 9:57 AM IST
തിരുവനന്തപുരം: വെള്ളറടയില്‍ വാഹനമിടിച്ചവര്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞു. പരിക്കേറ്റയാള്‍ മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കലുങ്ക് നട സ്വദേശി സുരേഷ് (55) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ മാസം ഏഴിന് രാത്രിയാണ് സംഭവമുണ്ടായത്. റോഡില്‍ നിന്ന സുരേഷിനെ വാഹനം ഇടിക്കുകയായിരുന്നു. ബൈക്കില്‍ രണ്ടുപേരാണുണ്ടായിരുന്നത്. ശേഷം ഇവര്‍ ബൈക്ക് നിര്‍ത്തിയിറങ്ങി സുരേഷിനെ എടുത്ത് തൊട്ടടുത്ത മുറിയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഈ മുറിയിലാണ് സുരേഷ് താമസിച്ചിരുന്നത്. കിടത്തിയതിന് ശേഷം രണ്ട് പേരും പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞദിവസം ഉച്ചയോടെ ഈ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് അനുഭവപ്പെട്ട നാട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്.
പോലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്തുകൊണ്ടായിരിക്കാം ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പോയതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സംഭവത്തില്‍ വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചു.