വാഹനപരിശോധനയ്ക്കിടെ ബഹളം; മാരകലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
Tuesday, September 10, 2024 1:04 PM IST
നാദാപുരം: വില്പനക്കായി കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26), കമ്പളക്കാട് സ്വദേശിനി അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കൈവിലങ്ങുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ അക്രമാസക്തനായി പോലീസുകാർക്കുനേരേ അസഭ്യവർഷവും സ്റ്റേഷനിലെ ഫർണീച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി പേരോട് -പാറക്കടവ് റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പിടിയിലായ യുവതി ഇജാസിന്റെ സുഹൃത്താണെന്നും കാരിയർ ആണെന്നും പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന കെഎൽ 12 പി 7150 നമ്പർ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
കാർ പരിശോധനയ്ക്കിടെ ഇജാസും അഖിലയും ബഹളംവയ്ക്കുകയും പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. കാറിൽനിന്ന് റോഡിലിറങ്ങി അക്രമസക്തനാവുകയും വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കാർ സ്റ്റേഷനിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് 32.62 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നത്.
കാറിന്റെ ഇടത് സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തു. ലാപ്ടോപ്പ്, രണ്ട് ഐ ഫോൺ, മറ്റൊരു മൊബൈൽ ഫോൺ, മിനി കാമറ, 8,500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പോലീസ് പിടികൂടി.