അവയമാറ്റം; ഒമ്പതംഗ ഉപദേശക സമിതി രൂപീകരിച്ചു
Sunday, September 8, 2024 6:07 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ മാറ്റം കൂടുതൽ ഫലപ്രദമാക്കാന്‍ ഒമ്പതംഗ ഉപദേശക സമിതിയെ സർക്കാർ രൂപീകരിച്ചു. രണ്ട് വർഷം കാലാവധിയുള്ള സമിതിയിൽ വിദഗ്ധരായ ഡോക്ടർമാരും സാമൂഹ്യപ്രവർത്തകരും അവയവം സ്വീകരിച്ചവരുടെ പ്രതിനിധികളും അംഗങ്ങളാണ്.
കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ.എസ്.സുധീന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മെഡിക്കല്‍ വിദഗ്ധര്‍. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് മെമ്പര്‍ സെക്രട്ടറി.
സാമൂഹിക പ്രവര്‍ത്തകനായി പൊതുജനാരോഗ്യ വിദ്ഗധന് ഡോ.വി.രാമന് കുട്ടി, സാമൂഹിക പ്രവര്‍ത്തകയായി ഡോ.ഖദീജ മുതാംസ്, റിട്ട. ജില്ലാ ജഡ്ജ് എം. രാജേന്ദ്രന് നായരാണ് സമിതിയിലെ നിയമ വിദഗ്ധ.
മറ്റ് അംഗങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഫ്താല്മോളജി വിഭാഗം മുന്‍ പ്രഫ. ഡോ.വി.സഹസ്രനാമം, അവയവം സ്വീകരിച്ചവരുടെ പ്രതിനിധിയായി ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരളയുടെ സെക്രട്ടറി എം.കെ.മനോജ് കുമാര്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.
1994ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും സമിതി പ്രവര്‍ത്തിക്കുക. അപ്രോപ്രിയേറ്റ് അഥോറിറ്റിയെ സഹായിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകള്‍.
അവയവദാന പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.