മദ്യപിച്ച് എയര്‍പോര്‍ട്ടിൽ ബഹളംവച്ചു; വിനായകനെതിരെ പോലീസ് കേസെടുത്തു
Saturday, September 7, 2024 11:56 PM IST
ബംഗളൂരു: മദ്യപിച്ച് എയര്‍പോര്‍ട്ടിൽ ബഹളംവച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പോലീസാണ് കേസെടുത്തത്.
സിസിടിവി ദൃശ്യം പരിശോധിച്ചാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. നിലവിൽ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിലാണ് വിനായകൻ. മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ശനിയാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിനായകൻ എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റ് ഏരിയായിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയായിരുന്നു. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് വിനായകനെ ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു.