മാമി തിരോധാനക്കേസ്; ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ രൂപീകരിച്ചു
Saturday, September 7, 2024 10:08 PM IST
തിരുവനന്തപുരം: വ്യവസായിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മുഹമ്മദ് ആട്ടൂർ(മാമി) തിരോധാനക്കേസിന്റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ രൂപീകരിച്ചു.ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി.പ്രകാശ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു.പ്രേമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ സി. എസ്.ഷാരോൺ, ആർ.രതീഷ് കുമാർ, പി.അഭിലാഷ്, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയും സംഘത്തിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്കി ഉത്തരവ് പുറപ്പെടുവിച്ചത്.