പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥി മരിച്ചു
Saturday, September 7, 2024 12:22 PM IST
ഇടുക്കി: കുളമാവിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. നെടുങ്കണ്ടം കൂട്ടാർ സ്വദേശി പാറയ്ക്കൽ ഷാരൂഖ് (17) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബാലഗ്രാം സ്വദേശി അമലിനെ (13) പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴരയോടെ തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ കുളമാവ് മീൻമുട്ടിയ്ക്കു സമീപമായിരുന്നു അപകടം.
പിക്കപ്പ് വാനിൽ ഇടിച്ച് റോഡിൽ തെറിച്ചു വീണ വിദ്യാർഥികൾ 15 മിനിറ്റോളം റോഡിൽ കിടന്നു. പിന്നീടാണ് ഇവരെ ഇതുവഴി വന്ന വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനായത്. ചില വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും നിർത്തിയില്ലെന്നാണ് വിവരം.
ഷാരൂഖിന് പുറമെ കാര്യമായ പരിക്കുകളില്ലെങ്കിലും ആന്തരീകാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്നാണ് നിഗമനം. തൊടുപുഴയിൽ നടക്കുന്ന റവന്യു ജില്ലാതല ഫുട്ബോൾ ടീം സെലക്ഷൻ ക്യാന്പിൽ പങ്കെടുക്കാൻ വരുന്നതിനിടെയായിരുന്നു അപകടം. വിവരമറിഞ്ഞ് കുളമാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.