പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: പി.വി.അന്‍വര്‍
Friday, September 6, 2024 8:49 PM IST
മലപ്പുറം: കേരള പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്കിയ പരാതികളില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
"പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പോലീസിലെ ക്രിമിനലുകളുമെന്നതാണ്. നാളെ തൃശൂര്‍ ഡിഐജി തന്റെ മൊഴിയെടുക്കും. അന്വേഷണത്തില്‍ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പോലീസില്‍ പുഴുക്കുത്തുകളുണ്ട്.'പി.വി.അൻവർ പറഞ്ഞു. തൃശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥന് എന്നാണ് മനസിലാക്കുന്നതെന്നും സത്യസന്ധമായ അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരില്‍ പിടിക്കുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് പോലീസ് അടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പിടിച്ചത്. എന്നാല്‍ പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സിആര്‍പിസി പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്വര്‍ണ്ണ കള്ളകടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റര്‍ ചെയ്യണ്ടതെന്നും അന്‍വര്‍ പറഞ്ഞു.
എടവണ്ണയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ മരണത്തില്‍ പോലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി നിലമ്പൂര്‍ എംഎല്‍എ പറഞ്ഞു. മുന്‍ മലപ്പുറം എസ്പി സുജിത് ദാസിനും അദ്ദേഹത്തിന്റെ ഡാന്‍സാഫ് സംഘത്തിനും കൊലപാതകത്തിലെ പങ്ക് എത്രത്തോളമുണ്ടെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാന്‍ വാട്സ്ആപ്പ് നമ്പറും അൻവർ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും അന്‍വര്‍ പറഞ്ഞു.