മുഖ്യമന്ത്രി മാഫിയ സംരക്ഷകൻ; ആരോപണവിധേയരെ മാറ്റി നിർത്താൻ ധൈര്യമില്ലെന്ന് സതീശൻ
Friday, September 6, 2024 1:32 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവന്മാരുടെ സങ്കേതമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മാഫിയയുടെ സംരക്ഷകനാണ് പിണറായിയെന്നും സതീശൻ വിമർശിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിനെതിരായ ആരോപണം സ്വര്‍ണകള്ളക്കടത്തായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെ പിണറായി അടക്കമുള്ളവര്‍ അന്ന് രക്ഷപെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ ബിജെപിയുമായും കേന്ദ്രവുമായും അവിഹിതമായ ബാന്ധവം ഉണ്ടാക്കി.
നിലവില്‍ ആരോപണമുന്നയിച്ചത് ഭരണകക്ഷി എംഎല്‍എ ആണ്. പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്ന് പ്രതിപക്ഷം രണ്ട് വര്‍ഷം മുമ്പ് പറഞ്ഞതാണ്.
അത് തന്നെയാണ് അന്‍വര്‍ എംഎല്‍എ പറഞ്ഞത്. ഇഎംഎസിന്റെ കാലം മുതല്‍ ഏതെങ്കിലും ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിന് നേരെ വിരല്‍ ചൂണ്ടിയിട്ടുണ്ടെങ്കില്‍ അതിന് അധികാരത്തിലിരിക്കുന്നവര്‍ നടപടിയെടുത്തിട്ടുണ്ട്.
എന്നാൽ എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മാറ്റി നിര്‍ത്താനുള്ള ധൈര്യം പിണറായി വിജയനില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ കുറച്ച് കാലം കൂടി ഇരുന്നാല്‍ സെക്രട്ടറിയേറ്റിന് ചക്രം വച്ച് വീട്ടിൽ കൊണ്ടുപോകുമെന്നും സതീശന് പരിഹസിച്ചു.