ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Friday, September 6, 2024 8:29 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്ശമുള്ളവര്ക്കെതിരേ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരിയാണ് ഹര്ജിക്കാരന്. നേരിട്ട് നിയമ നടപടികള്‍ക്ക് തയാറാകാന്‍ മൊഴി നല്‍കിയവര്‍ക്ക് പ്രയാസമുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും അതിനാല്‍ കോടതിയിടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
നിലവില്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനൊരുങ്ങി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന വിശാല ബെഞ്ചായിരിക്കും പരിഗണിക്കുക. ശോഭ അന്നമ്മ ഈപ്പന്, സോഫി തോമസ്, എം.ബി. സ്നേഹലത, സി.എസ്. സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. ഇവരില്‍ നിന്ന് പ്രത്യേക ബെഞ്ചിനെ തെരഞ്ഞെടുക്കും.
അതേസമയം, മലയാള സിനിമ സെറ്റുകളിലെ കാരവാന് ഉടമകളുടെ യോഗം കൊച്ചിയില്‍ ഇന്ന് ചേരും. നിര്‍മാതാക്കളുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മലയാള സിനിമ സെറ്റുകളില്‍ ഒളികാമറ കണ്ടിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് യോഗം. വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ച് തുടങ്ങിയിരുന്നു.