പൂനെയില്‍ മധ്യവയസ്കനെ യുവാക്കള്‍ കുത്തിക്കൊന്നു
Wednesday, September 4, 2024 8:32 PM IST
പൂനെ: ഹഡപ്സര്‍ പ്രദേശത്ത് യുവാക്കള്‍ 47 വയസുകാരനെ കുത്തിക്കൊന്നു. മൊബൈല്‍ ഫോണില്‍ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നാരോപിച്ചാണ് യുവാക്കള്‍ മധ്യവയസ്കനെ കുത്തിക്കൊന്നത്.
ലോണ്‍ ഏജന്റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കര്‍ണിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം യുവാക്കളെത്തി രാമചന്ദ്രയോട് തങ്ങളുടെ മൊബൈലില്‍ നെറ്റ് ഇല്ലെന്നും ഹോട്ട് സ്പോട്ട് കണക്ട് ചെയ്തു തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പരിചയമില്ലാത്ത ആളുകളായതിനാല്‍ രാമചന്ദ്ര യുവാക്കളുടെ ആവശ്യം നിരസിച്ചു.
ഇതോടെ യുവാക്കളും രാമ ചന്ദ്രയും തമ്മില്‍ വഴക്കുണ്ടാകുയും കയ്യേറ്റത്തിലേക്കെത്തുകയും ചെയ്തു. വഴക്കിനിടെ യുവാക്കളിലൊരാള്‍ രാമചന്ദ്രയെ കത്തിയെടുത്ത് കുത്തി. ആക്രമണത്തില്‍ രാമചന്ദ്രയുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്.
സംഭവത്തില്‍ 19 കാരനായ മയൂര്‍ ഭോസാലെ എന്ന യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും ആക്രമി സംഘത്തിലെ മുഴുവന്‍ പേരെയും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.