ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ; അന്‍വറിനെ വീണ്ടും പിന്തുണച്ച് കെ.ടി. ജലീല്‍
Wednesday, September 4, 2024 2:51 PM IST
കോഴിക്കോട്: എഡിജിപി അടക്കമുള്ളവര്‍ക്കെതിരേ ആരോപണമുന്നയിച്ച പി.വി.അന്‍വറിനെ വീണ്ടും പിന്തുണച്ച് കെ.ടി. ജലീല്‍ എംഎല്‍എ. ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാവില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അന്‍വര്‍ എംഎല്‍എ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്കട്ടെ. അതല്ലെങ്കില്‍ കോടതിയെ സമീപിക്കട്ടെ. വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്മാര് കുടുങ്ങുമെന്നും കാക്കിയുടെ മറവില്‍ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകള്‍ക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞെന്നും ജലീന്റെ പോസ്റ്റിൽ പറയുന്നു.
ഒരിറ്റ് ദയപോലും അര്‍ഹിക്കാത്ത പോലീസ് പ്രമുഖന്മാര് തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവര്‍ത്തകരുടെ ഒളിക്യാമറകള്‍.
ചരിത്രത്തിലാദ്യമായി നൂറ്റി ഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസര്‍മാരെ അവരുടെ കൈയിലിരിപ്പിന്റെ ഗുണംകൊണ്ട് സര്‍വീസില്‍ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികള്‍ ആ ധീര സഖാവില്‍ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ടെന്നും പോസ്റ്റിൽ പറയുന്നു.