ആരോപണങ്ങളിൽ ഭയമില്ല, എസ്എഫ്ഐക്കാലം മുതൽ വേട്ടയാടുന്നതാണ്: പി .ശശി
Wednesday, September 4, 2024 1:20 PM IST
തിരുവനന്തപുരം: പി.വി.അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി .ശശി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. തനിക്ക് ഭയമില്ലെന്ന് ശശി പ്രതികരിച്ചു.
ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നതാണ്. എന്നിട്ടും താൻ ഇതുവരെയെത്തി. സർവാധികാരി മനോഭാവം തനിക്കില്ല.
അതേസമയം പി.ശശിക്കെതിരായ പി.വി.അന്‍വറിന്റെ പരാതി സിപിഎം അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പരാതി ചര്‍ച്ച ചെയ്യും. അന്‍വറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃതലത്തിലുള്ള ധാരണ.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പി.ശശിയാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ ഇവരില്‍നിന്ന് ഉണ്ടാകുന്നു. ഇത് തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടാണ് അന്‍വര്‍ എം.വി.ഗോവിന്ദന് പരാതി നല്‍കിയത്.