അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി: കെ.ടി. ജലീൽ
Wednesday, September 4, 2024 2:53 AM IST
തിരുവനന്തപുരം: അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കെ.ടി. ജലീൽ. ഇത്തരം ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ തസ്തികയും ഓഫീസും, അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം വാട്സ്ആപ്പിലൂടെ പരാതി നൽകാമെന്നും ജലീൽ അറിയിച്ചു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അത്തരത്തിലുള്ള പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചതായി ജലീൽ പറഞ്ഞു.
കൈക്കൂലി ചോദിച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗനിർദേശങ്ങളും കൈമാറും. കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.