പാപ്പനംകോട് നടന്നത് കൊലപാതകം; മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആൺ സുഹൃത്തും
Wednesday, September 4, 2024 12:28 AM IST
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് സ്ഥാപനത്തിൽ നടന്നത് കൊലപാതകമെന്ന് പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബിനുവാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് പോലീസ് പറയുന്നു. മൃതദേഹം ഇയാളുടേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും.
മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. മുൻപും ബിനുവും വൈഷ്ണയും തമ്മിൽ ഈ സ്ഥാപനത്തിൽവച്ച് പ്രശ്നമുണ്ടായിരുന്നതായാണ് വിവരം.
വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഏഴ് മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു.
സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തീ ആളിപ്പടർന്നു എന്നുമാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയത്.
അതിവേഗം തീ പടർന്നു. തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായി അണയ്ക്കുകയായിരുന്നു. ഈ സമയത്താണ് കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് പേരെ ഓഫീസില്‍ നിന്ന് കണ്ടെത്തിയത്.