വയനാട് ഉരുൾപൊട്ടൽ; റവന്യൂ റിക്കവറി നടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു
Tuesday, September 3, 2024 11:06 PM IST
തിരുവനന്തപുരം: ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ റവന്യൂറിക്കവറി ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. റവന്യൂമന്ത്രി കെ.രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
വൈത്തിരി താലൂക്കിലെ വായ്പകള്‍, വായ്പാ കുടിശികകള്‍ എന്നിവയിലാണ് എല്ലാതരത്തിലുമുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാഷണലൈസ്ഡ്, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും.
റവന്യൂവകുപ്പ് ജോയിന്റ് സെക്രട്ടറി കെ.സ്നേഹലതയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ബാങ്കേഴ്സ് സമിതിക്കും ജില്ലാ കളക്ടര്‍ക്കും അയച്ചു.