മന്ത്രി എ.കെ.ശശീന്ദ്രന് പുറത്തേക്ക്; തോമസ് കെ. തോമസ് മന്ത്രിക്കസേരയിലേക്ക്
Tuesday, September 3, 2024 9:43 PM IST
കോഴിക്കോട്: എന്‍സിയിലെ ആഭ്യന്തര കലാപത്തിനിടയില്‍ മന്ത്രി എ.കെ.ശശീന്ദ്രന് സ്ഥാനമൊഴിയാന്‍ സാധ്യത. പകരം തോമസ് കെ.തോമസ് മന്ത്രിയാകും. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ശശീന്ദ്രന് വിഭാഗം ശക്തമായ നീക്കം നടത്തുന്നുണ്ട്.
കോഴിക്കോട് ജില്ലാ കമ്മിറ്റി ശശീന്ദ്രനൊപ്പമാണെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് കെ. തോമസിന്റെ ഗ്രൂപ്പും പരമാവധി ജില്ലാ കമ്മിറ്റികളുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. മന്ത്രിസ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് എ.കെ.ശശീന്ദ്രന് പ്രതികരിച്ചു.
മന്ത്രിസ്ഥാനത്തു മാറ്റം വരുത്തുന്നതു സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ജില്ലാ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും മാറ്റത്തിനു അനുകൂലമായാണ് പ്രതികരിച്ചത്.
ഈ വികാരം ദേശീയ പ്രസിഡന്റ് ശരദ്പവാറിനെ അറിയിച്ച് മന്ത്രിയെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ചാക്കോയുടെ തീരുമാനം. മന്ത്രിയെ മാറ്റുമെന്ന സൂചന ലഭിച്ചയുടന്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ പവാറിനെ കണ്ട് നിലപാട് അറിയിച്ചിരുന്നു. മാറ്റം തടയുകയായിരുന്നു ലക്ഷ്യം.
ഇതിനുശേഷമാണ് ചാക്കോ പവാറുമായി ബന്ധപ്പെട്ടത്. ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ച് അഭിപ്രായം തേടാന്‍ ചാക്കോയോട് പവാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഒമ്പതു ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതില്‍ ഒരാള്‍ ഒഴികെ എല്ലാവരും മാറ്റത്തെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.
വനം വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് മന്ത്രി മാറ്റം സംബന്ധിച്ച ചര്‍ച്ച സജീവമായത്.