പി. ശശിയെ മാറ്റിയേക്കില്ല
Tuesday, September 3, 2024 9:23 PM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ അഴിച്ചുവിട്ട ആരോപണങ്ങളെത്തുടർന്ന് പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ സിപിഎമ്മിനുള്ളിൽ സമ്മർദം ശക്തമാണെങ്കിലും നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നാണു സൂചന. അന്വേഷണം പ്രഖ്യാപിച്ചതോടെ എഡിജിപി എം.ആർ. അജിത്കുമാറിനും ശശിക്കും സ്ഥാനചലനമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
അജിത്കുമാറിനെ മാറ്റിയാല്‍ പി. ശശിയെയും മാറ്റാന്‍ ആവശ്യം ഉയരുമെന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. അതിനാൽ കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ തെളിയും വരെ അജിത്കുമാറിനെ മാറ്റേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
അതേസമയം ഈയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ശശിക്കെതിരായ ആരോപണങ്ങളും ചർച്ചയാകും. ഭരണകക്ഷിയിലെ എംഎൽഎ തന്നെ ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളുമായി മുന്നോട്ടുവന്നത് ശശിക്കെതിരെയുള്ള നീക്കങ്ങൾക്കും ശക്തി പകർന്നിട്ടുണ്ട്. അൻവറിന്റെ വെളിപ്പെടുത്തലുകളിൽ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.