യുവതിയെ അറിയില്ല; പരാതി അടിസ്ഥാന രഹിതം: നിവിന്‍ പോളി
Tuesday, September 3, 2024 9:23 PM IST
തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നടൻ നിവിന്‍ പോളി. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടു പോലുമില്ലെന്നും നിവിന്‍ പോളി പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്നും സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിവിന്‍ പോളിക്കെതിരെ എറണാകുളം ഊന്നുകല്‍ പോലീസാണ് കേസെടുത്തത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്റെ ഏതറ്റം വരെയും പോകും. ഇത് സത്യമല്ലെന്ന് തെളിയിക്കാൻ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം.
ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയാറാണെന്നും നിവിൻ പോളി പറഞ്ഞു.