മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി വ്യാഴാഴ്ച
Tuesday, September 3, 2024 6:01 PM IST
കൊച്ചി: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന നടൻ മുകേഷിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂർത്തിയായത്.
അതേസമയം പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി. മുകേഷിനൊപ്പം മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടേയും മുൻകൂർ ജാമ്യാപേക്ഷകളിലും വ്യാഴാഴ്ച ഉത്തരവുണ്ടാകും.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുമെതിരെ കേസെടുത്തത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നടൻ സിദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 13 ന് പരിഗണിക്കാനായി മാറ്റി.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടിമാർ രഹസ്യ മൊഴികളടക്കം നല്കിയ സാഹചര്യത്തില്‍ മുന്‍ കൂര് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കും. അതിനാൽ ജാമ്യം നൽകരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം.