മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെ: കെ.സുരേന്ദ്രൻ
Tuesday, September 3, 2024 5:43 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളെ വരെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്.
എല്ലാം അന്വേഷിക്കും എന്നാണ് എം.വി.ഗോവിന്ദനും ടി. പി.രാമകൃഷ്ണനും പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെയാണ്. ആരോപണ വിധേയരായ എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും സ്ഥാനമൊഴിയാതെ എന്തന്വേഷണമാണ് നടക്കുന്നത്.
അന്വേഷണം ശരിയായി നടക്കണമെങ്കിൽ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മയക്കുമരുന്നു, കള്ളക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ബി ജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.