ഹരിയാനയിൽ ആപ്പും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചേക്കും
Tuesday, September 3, 2024 4:30 PM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ മത്സരിച്ചേക്കും. വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ആപ്പുമായി സഖ്യമുണ്ടാക്കണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം രാഹുൽ ഉന്നയിച്ചത്. രാഹുലിന്റെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രഥമപരിഗണന.
അരവിന്ദ് കേജരിവാൾ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഹുലിന്റെ നിർദേശത്തെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ അനുകൂലിക്കുന്നില്ലെന്ന സൂചനയും പുറത്തുവന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച കോൺഗ്രസും - ആം ആദ്മി പാർട്ടിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആകെയുള്ള പത്ത് സീറ്റുകളിൽ ഇന്ത്യാ സഖ്യം അഞ്ചു സീറ്റുകൾ നേടിയിരുന്നു.