മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ നടുവിൽ, നിലവിലെ നടപടി ആരോപണവിധേയരെ സംരക്ഷിക്കാൻ: വി.ഡി. സതീശൻ
Tuesday, September 3, 2024 11:51 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപക സംഘത്തിന്റെ നടുവിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപാതകം, സ്വർണക്കടത്ത്, ഫോണ് ചോർത്തൽ ആരോപണം നേരിടുന്ന എഡിജിപി എംആർ. അജിത്ത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പൊള്ളയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റാതെ നടത്തുന്ന അന്വേഷണം അവരെ സംരക്ഷിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിവൃത്തിയില്ലാത്തത് കൊണ്ടാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിലുള്ളവരെല്ലാം എഡിജിപി അജിത്കുമാറിന്റെ റാങ്കിന് താഴെയുള്ളവരാണ്.
സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഭരണ കക്ഷി എംഎൽഎ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇത് ആദ്യമാണ്. സിപിഎമ്മിന് ജീർണത ബാധിച്ചിരിക്കുകയാണ്.
പോലീസിന്റെ തലപ്പത്ത് ഇതുവരെ ഇത്രയും ഗുരുതരമായ ആരോപണം ഉണ്ടായിട്ടില്ല. ക്രമസമാധാനചുമതലയുള്ള എഡിജിപി. എം.ആർ. അജിത്കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സഹപ്രവർത്തകരായ മറ്റ് എസ്പിമാരെ വളരെ മോശമായി ചിത്രീകരിച്ച എസ്പി സുജിത്ത് ദാസിനെതിരെയും ഒരു നടപടിയും സ്വീകരിക്കാത്ത മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രണ്ടു തവണയാണ് സ്വർണക്കടത്ത് ആരോപണം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സ്വർണത്തിനോട് എന്താണ് ഇത്രയ്ക്ക് ഭ്രമം എന്ന് മനസിലാകുന്നില്ല. ആരോപണം നേരിട്ടവരെ മാറ്റി നിർത്താതെ നടത്തുന്ന നിലവിലെ അന്വേഷണം പ്രഹസനമാണെന്നും ആരോപണ വിധേയരായവരെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും വി.ഡി. സതീശൻ ദീപികയോട് പറഞ്ഞു.
താൻ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നുവെന്നാണ് ഓരോ സംഭവ വികാസങ്ങളും തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.