എഡിജിപിക്കെതിരേ ഒരന്വേഷണവും നടക്കില്ല, സര്‍ക്കാരിന്റേത് കണ്ണില്‍ പൊടിയിടാനുള്ള ശ്രമം: കെ.സുരേന്ദ്രന്
Tuesday, September 3, 2024 11:20 AM IST
തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങളുയര്‍ന്ന എഡിജിപി എം.ആര്.അജിത് കുമാറിനെതിരേ ഒരന്വേഷണവും നടക്കില്ലെന്നും സര്‍ക്കാരിന്റേത് കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇത് സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്നും സുരേന്ദ്രന് പ്രതികരിച്ചു.
ഭരണകക്ഷി എംഎല്‍എ തന്നെയാണ് എഡിജിപിക്കെതിരേ ആരോപണമുന്നയിച്ചത്. എന്നിട്ടും അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ മുഖ്യമന്ത്രി തയാറായില്ല.
മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പോലീസ് അസോസിയേഷന് സമ്മേളനത്തില്‍വച്ച് പറഞ്ഞത്. നടപടിയെടുത്താല്‍ തന്റെ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.
പിണറായി വിജയന്റെ എല്ലാ അഴിമതിക്കും നിയമലംഘനത്തിനും കൃത്യമായ തെളിവുകള്‍ അജിത് കുമാറിന്റെ കൈയിലുള്ളതുകൊണ്ടാണ് എഡിജിപിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണമുയര്‍ന്ന പശ്ചത്താലത്തില്‍ അധികാരത്തില്‍ തുടരാന്‍ പിണറായിക്ക് അവകാശമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.