കെഎസ്ആർടിസി കുഴിയിൽ വീണു; ചില്ല് തകർന്ന് പുറത്തേക്കു വീണ വിദ്യാർഥിക്ക് പരിക്ക്
Tuesday, September 3, 2024 7:35 AM IST
തിരുവനന്തപുരം: പള്ളിപ്പുറത്ത് കുഴിയിൽ വീണതിനെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തെ ചില്ല് പൊട്ടിയതിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്കു പരിക്കേറ്റു.
ദേശീയപാതയിൽ പള്ളിപ്പുറത്തിനു സമീപം കുറക്കോടുവച്ച് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്ടു വിദ്യാർഥി ആറ്റിങ്ങൽ വലിയകുന്ന് നിലാവിൽ നവനീത് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്കുപോയ കെഎസ്ആർടിസി ബസ് കുഴിയിൽ വീണപ്പോൾ പിൻഭാഗത്തെ ചില്ല് പൊട്ടിവീണത്. ഇതിലൂടെ നവനീത് കൃഷ്ണ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ വിദ്യാർഥിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.