ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം എൻസിപി ചർച്ച ചെയ്തിട്ടില്ലെന്ന് പി.സി. ചാക്കോ
Tuesday, September 3, 2024 3:36 AM IST
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം എൻസിപി സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. മന്ത്രിയെ മാറ്റല്‍ തന്റെ അധികാര പരിധിയില്‍ വരുന്നതല്ല. അത്തരം ആവശ്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതൃത്വം ഇത്തരമൊരു കാര്യം ചർച്ച ചെയ്തിട്ടില്ല. തിങ്കളാഴ്ച ചേർന്നത് സെപ്റ്റംബർ 19 ന് നടക്കുന്ന മണ്ഡല യോഗത്തെ കുറിച്ചുള്ള യോഗമാണെന്നും കൊച്ചിയില്‍ നടന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തില്‍ മന്ത്രിയെ മാറ്റാൻ ഒരു ചർച്ചയും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ഒരു വിഷയം ശരത് പവാറുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാല്‍ പരിഹാരം കാണും. പാർട്ടിയില്‍ പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ, എല്ലാവരും സുഹൃത്തുക്കളാണ്.
തോമസ് കെ. തോമസുമായും നല്ല സൗഹൃദമാണ്. പാർട്ടിയില്‍ തനിക്ക് ശത്രുക്കള്‍ ഇല്ല. മന്ത്രി പദവിയുമായി ബന്ധപ്പെട്ട് രണ്ടര വർഷക്കാലം എന്ന ധാരണയെക്കുറിച്ച് യോഗത്തില്‍ ചർച്ചയായിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി.