പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെ സ്ഥലംമാറ്റി
Monday, September 2, 2024 11:28 PM IST
തിരുവനന്തപുരം: മരംമുറി വിവാദത്തിൽപ്പെട്ട പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെ സ്ഥലംമാറ്റി. കേസൊതുക്കാൻ പി.വി.അൻവർ എംഎൽഎയെ മുൻ മലപ്പുറം എസ്പിയായ സുജിത്ത് ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത് വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ പത്തനംതിട്ട എസ്പിയായിരുന്ന ഇദ്ദേഹത്തോട് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്പിയായി വി.ജി.വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പി.വി.അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതാണ് എസ്പിക്കെതിരായ പ്രധാന ആരോപണം. ഇദ്ദേഹം എം.ആർ.അജിത്ത് കുമാറിനെയും സഹ പ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു.
സുജിത് ദാസിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സേനയെ ആകെ നാണക്കേടിലാക്കിയ സംഭവമാണെന്നും ഡിഐജി അജീത ബീഗം റിപ്പോർട്ട് നൽകിയിരുന്നു.