അജിത് കുമാറിനെ മാറ്റില്ല; ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും
Monday, September 2, 2024 10:38 PM IST
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ഡിജിപി ഷെയ്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് തന്നെയാണ് അന്വേഷണം നടത്തുക.
ഡിജിപിയെ കൂടാതെ ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ മധുസൂദൻ, ഷാനവാസ് എന്നിവരടങ്ങുന്ന ഉന്നതല സംഘമാണ് അന്വേഷണം നടത്തുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെയാണ് ഉന്നത തല സംഘം അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല.
എം.ആർ.അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പി.ശശിയെയും മാറ്റേണ്ടി വരും. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കും. ഇത് ഒഴിവാക്കാനാണ് ഇരുവരെയും നിലനിർത്തിക്കൊണ്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ദർവേഷ് സാഹിബും തമ്മിൽ ആരംഭിച്ച ചർച്ച മണിക്കൂറുകളാണ് നീണ്ടത്. അജിത് കുമാറിനെ ഏതുപദവിയിലേക്ക് മാറ്റാം എന്ന രീതിയിലാണ് ചർച്ച ആരംഭിച്ചതെങ്കിലും അദ്ദേഹത്തെ പദവിയിൽ നിന്നു മാറ്റാതെ അന്വേഷണം നടത്താമെന്ന നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.
അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടാൽ പദവിയിൽനിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. എന്നാൽ അങ്ങനെ ചെയ്യുന്നത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുമെന്ന് ഡിജിപി പറഞ്ഞു.