ചരിത്ര വിജയം 143 റണ്‍സ് അകലെ; റാവല്‍പിണ്ടി ടെസ്റ്റിൽ ബംഗ്ലാദേശ് വിജയത്തിലേക്ക്
Monday, September 2, 2024 8:22 PM IST
റാവൽപിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് വിജയത്തിലേക്ക്. പാക് മണ്ണിൽ ചരിത്ര വിജയം കുറിക്കാൻ ബംഗ്ലാ കടുവകൾക്ക് പത്തുവിക്കറ്റ് കൈയിലിരിക്കെ വേണ്ടത് 143 റണ്‍സ് മാത്രം.
രണ്ടാം ടെസ്റ്റില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സ് എന്ന നിലയിലാണ്. 31 റണ്‍സെടുത്ത് സാകിര്‍ ഹസനും ഒമ്പത് റണ്‍സുമായി ഷദ്മാന്‍ ഇസ്ലാമുമാണ് ക്രീസില്‍.
ആദ്യ ഇന്നിംഗ്സില്‍ 12 റണ്‍സിന്റെ ലീഡ് നേടിയ പാകിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ പിടിച്ചു നിൽക്കാനായില്ല. അഞ്ച് വിക്കറ്റ് നേടിയ ഹസന് മഹ്മൂദിന്റെയും നാല് വിക്കറ്റ് നേടിയ നഹീദ് റാണയുടെയും ബൗളിംഗിനു മുന്നിൽ പാക് പട കീഴടങ്ങിയതോടെ ടീം നേടിയത് 172 റണ്‍സ്.
നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 274 നെതിരെ ബംഗ്ലാദേശ് 262 റണ്‍സ് നേടിയിരുന്നു. 26/5 എന്ന നിലയിൽ വമ്പൻ തകർച്ച നേരിട്ട ബംഗ്ലാദേശിനായി ലിറ്റണ്‍ ദാസിന്റെയും (138) മെഹിദി ഹസന് മിറാസ് (78) ന്റെയും കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലാണ്. റാവല്‍പിണ്ടിയില്‍ ജയിച്ചാല്‍ ബംഗ്ലാദേശിന് പരമ്പര തൂത്തുവാരാം.