ആരോപണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സതീശൻ
Monday, September 2, 2024 2:45 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് സതീശൻ പ്രതികരിച്ചു.
ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആളാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. അതിന് പിന്തുണ നൽകിയിരിക്കുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്ക് എതിരായാണ് ഇത്രയും ഗുരുതരാരോപണം ഉയർന്നിട്ടുള്ളത്. ഭരണകക്ഷി എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ അയാൾക്കെതിരേ നടപടി എടുക്കട്ടെ.
ഒരു നിമിഷം പോലും ആ കസേരയില്‍ ഇരിക്കാന്‍ പിണറായി യോഗ്യനല്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് അൻവർ. മുഖ്യമന്ത്രി അറിയാതെ ഇതൊന്നും പുറത്തുവരില്ലെന്നും സതീശൻ ആരോപിച്ചു.