വന്ദേഭാരത് സ്ലീപ്പര്‍ മൂന്നു മാസത്തിനുള്ളില്‍
എസ്.ആർ. സുധീർ കുമാർ
Monday, September 2, 2024 2:22 PM IST
കൊല്ലം: ഇന്ത്യയിൽ ട്രെയിൻ യാത്രയില്‍ പുതു അധ്യായം രചിച്ച വന്ദേഭാരത് സീരീസില്‍ സ്ലീപ്പര്‍ ട്രെയിനുകളും ട്രാക്കിലിറങ്ങാനുള്ള തയാറെടുപ്പിൽ. മൂന്നുമാസത്തിനകം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡില്‍ (ബിഇഎംഎല്‍) പൂര്‍ത്തിയായ വന്ദേഭാരത് സ്ലീപ്പര്‍ ആദ്യ മാതൃകയുടെ ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഇനിയുള്ള 10 ദിവസം ബിഇഎംഎലില്‍ വന്ദേഭാരത് സ്ലീപ്പറിന്റെ വിശദമായ അവസാന വട്ട സാങ്കേതിക പരീക്ഷണങ്ങൾ നടക്കും. തുടര്‍ന്ന് ട്രാക്കില്‍ നിരന്തര പരീക്ഷണവും ഉണ്ടാകും. അതിനുശേഷം സമാനമായ കൂടുതല്‍ ട്രെയിനുകള്‍ നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നര വര്‍ഷത്തിനുശേഷം നിര്‍മാണം ഊര്‍ജിതമാക്കുമെന്നും മാസം രണ്ടോ മൂന്നോ ട്രെയിനുകള്‍ പൂര്‍ത്തീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് ചെയര്‍ കാറുകളാണു നിലവില്‍ സര്‍വീസ് നടത്തുന്നത്. സ്ലീപ്പര്‍ കോച്ചുകളില്ലാത്തതിനാല്‍ പകല്‍ മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ.
വന്ദേ സ്ലീപ്പറിന്റെ എല്ലാ കോച്ചുകളും യൂറോപ്യൻ നിലവാരത്തിൽ ഉള്ളതാണ്. മെയിന്റനൻസ് സ്റ്റാഫിന് വിശ്രമിക്കുന്നതിനായി പ്രത്യേക കാബിനുകളും വന്ദേ സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും. രാജധാനി എക്സ്പ്രസുകളിലേതിനു തുല്യമായിരിക്കും ടിക്കറ്റ് നിരക്ക്.16 കോച്ചുകളിലായി 823 ബെര്‍ത്തുകള്‍ ഉണ്ടാകും. ഇതിൽ 11 തേഡ് എസി കോച്ചുകളിലായി 611 ബര്‍ത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
നാല് സെക്കന്‍ഡ് എസി കോച്ചുകളിലായി188 ബര്‍ത്തുകളും ഉണ്ട്. ഒരു ഫസ്റ്റ് എസി കോച്ചും ഉണ്ട്. ഇതിൽ 24 ബര്‍ത്തുകളാണുള്ളത്. 800-1200 കിലോമീറ്റര്‍ ദൂരത്തിലുള്ള സര്‍വീസുകളായിരിക്കും നടത്തുക. ഓട്ടൊമാറ്റിക് വാതിലുകള്‍, റീഡിംഗ് ലാംപ്, ചാര്‍ജിംഗ് ഔട്ട്ലെറ്റ്, ലഘുഭക്ഷണ മേശ, മൊബൈല്‍- പുസ്തക സ്റ്റാന്‍ഡ് എന്നിവയും പ്രധാന പ്രത്യേകതകളാണ്.
കോച്ചുകളില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോച്ചുകള്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. അപകടരഹിത യാത്രയ്ക്ക് നൂതന സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ജിഎഫ്ആര്‍പി ഇന്റീരിയര്‍ പാനലുകള്‍, തീ പടരുന്നതു തടയാന്‍ എല്ലാ കംപാര്‍ട്ട്മെന്റിലും സംവിധാനങ്ങള്‍ എന്നിവയും ഉണ്ട്. സ്ലീപ്പര്‍ കോച്ചുകളിലെ കോണികള്‍ കൂടുതല്‍ സൗകര്യപ്രദമായാണ് നിർമിച്ചിട്ടുള്ളത്. പുതിയ ഡിസൈനുകളിലുള്ള ടോയ്ലെറ്റുകളാണ് ഉണ്ടാവുക.
സ്ലീപ്പര്‍ കോച്ചുകളിലെ എസി കൂടുതല്‍ മെച്ചപ്പെട്ടവയായിരിക്കും. പുതിയ സാങ്കേതിക വിദ്യയില്‍ മികച്ച സീറ്റ് കുഷ്യനുകളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് 19 പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഓക്സിജന്‍ ലെവല്‍ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 99.99 ശതമാനം വൈറസ് ഉന്മൂലനവും സാധ്യമാക്കുന്ന രീതിയിലാണ് കോച്ചുകൾ നിർമിച്ചിട്ടുള്ളത്.