പി.വി.അന്‍വറിന്റെ ആരോപണങ്ങൾ; എല്ലാ വശവും പരിശോധിക്കുമെന്ന് എം.വി.ഗോവിന്ദന്
Monday, September 2, 2024 9:02 AM IST
തിരുവനന്തപുരം: പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമായെടുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആരോപണത്തിന്റെ എല്ലാ വശവും സര്‍ക്കാരും പാര്‍ട്ടിയും പരിശോധിക്കുമെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു.
എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്നു സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമാണ് അദ്ദേഹത്തിന്റെ റോൾ മോഡലെന്നു സംശയിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു.
അജിത് കുമാറിന്റെ ഇടപെടലാണ് തൃശൂർപൂരം അലങ്കോലമാക്കിയത്. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എംഎൽഎ ആരോപിച്ചിരുന്നു.