ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ; 10 പേർ കൂടി മരിച്ചു
Monday, September 2, 2024 7:44 AM IST
ന്യൂഡൽഹി: തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയിൽ 10 പേർ കൂടി മരിച്ചു, നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കാരണമായി. റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു.
ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ഇതുവരെ 100-ലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായും സംസാരിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.
മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് പേർ മരിച്ചതായി തെലുങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഹൈദരാബാദിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
തെലുങ്കാനയിലെ അദിലാബാദ്, നിസാമാബാദ്, രാജന്ന സിർസില്ല, യാദാദ്രി ഭുവൻഗിരി, വികാരാബാദ്, സംഗറെഡ്ഡി, കാമറെഡ്ഡി, മഹബൂബ്നഗർ ജില്ലകളിൽ തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.