രാജ്യത്ത് മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ പതിവാകുന്നുവെന്ന് രാഹുൽ ഗാന്ധി
Monday, September 2, 2024 1:13 AM IST
ന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത്തരം അക്രമങ്ങളെ സർക്കാർ സംവിധാനങ്ങൾ നിശബ്ദമായി കണ്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി എത്ര ശ്രമിച്ചാലും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ബീഫ് കൈവശംവെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ 72-കാരനെ ചില യുവാക്കൾ ചേർന്ന് മർദിച്ചിരുന്നു. ഹരിയാനയിലും ന്യൂനപക്ഷസമുദായത്തിൽപ്പെട്ട യുവാവിനെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായി. ഈ രണ്ട് സംഭവങ്ങളുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ കുറിപ്പ്.