എഡിജിപിക്കെതിരായ ആരോപണം; മുഖ്യമന്ത്രി റിപ്പോർട്ട് തേടി
Sunday, September 1, 2024 8:33 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി ഇടപെടുന്നു. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിനോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടി.
അൻവറിന്റെ ആരോപണങ്ങള്‍ പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കം തീർത്തു എന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ ഡിജിപിയോട് റിപ്പോർട്ട് തേടിയത്.
റിപ്പോർട്ടിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഡിജിപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണു അൻവർ ഉന്നയിച്ചത്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്നു സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമാണ് അദ്ദേഹത്തിന്റെ റോൾ മോഡലെന്നു സംശയിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു.
അജിത് കുമാറിന്റെ ഇടപെടലാണ് തൃശൂർപൂരം അലങ്കോലമാക്കിയത്. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എംഎൽഎ ആരോപിച്ചിരുന്നു.