സിമി റോസ്ബെലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Sunday, September 1, 2024 6:44 PM IST
തിരുവനന്തപുരം: മുൻ എഐസിസി അംഗം സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ചൂഷണങ്ങൾക്ക് നിന്നു കൊടുക്കണമെന്ന് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ സിമി പറഞ്ഞിരുന്നു.
കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ വി.ഡി.സതീശൻ അനുവദിക്കുന്നില്ലെന്നും സിമി ആരോപിച്ചിരുന്നു.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെപിസിസി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി ലഭിച്ചിരുന്നു.
വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ.ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ.തുളസി, ജെബി മേത്തർ എംപി എന്നിവരാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്.