അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം: കെ.സുരേന്ദ്രൻ
Sunday, September 1, 2024 5:48 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിജിപി അജിത് കുമാർ മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു.
ആർക്കുവേണ്ടിയാണ് ഫോൺ ചോർത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണക്കടത്തുകാരുമായും അധോലോക മാഫിയായുമായും ലോ ആൻഡ് ഓർഡർ ചുമതലയുള്ള എഡിജിപിക്ക് ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നാണ് എംഎൽഎ പറയുന്നത്.
മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി എന്തെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കാനാവില്ല. ആരോപണം ഉയർന്നിരിക്കുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെയാണ്. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.