ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു
Sunday, September 1, 2024 4:41 PM IST
ദിസ്പുര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസാം സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ പാര്‍ട്ടി വിട്ടു. സംസ്ഥാനത്തെ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അംഗീകരിക്കുന്നില്ലെന്ന കാരണത്താലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും ബോറ പറഞ്ഞു.
"തൃണമൂലിനെ പശ്ചിമബംഗാളിലെ പ്രാദേശിക പാര്‍ട്ടിയായി മാത്രമാണ് ആസാമിലെ ജനങ്ങള്‍ കാണുന്നത്. ആസാമുകാര്‍ക്ക് വേണ്ടി പാര്‍ട്ടി ചില കാര്യങ്ങള്‍ നടപ്പാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷയോട് പറഞ്ഞിരുന്നു.എന്നാല്‍ ഒന്നും നടപ്പായില്ല.'-റിപുണ്‍ ബോറ പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് അയച്ച കത്തിലാണ് ബോറ പാര്‍ട്ടി വിടുന്ന കാര്യം അറിയിച്ചത്. 2016 മുതല്‍ 2022 വരെ ആസാമില്‍ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു അദ്ദേഹം.