വാഴക്കുളത്ത് സഹോദരനെ മർദിച്ച് കൊന്ന യുവാവ് അറസ്റ്റിൽ
Sunday, September 1, 2024 3:12 PM IST
വാഴക്കുളം: സഹോദരനെ മർദിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ വാഴക്കുളത്ത് ആണ് സംഭവം. വാഴക്കുളം സ്വദേശി ഷിന്റോ ആണ് പിടിയിലായത്.
ഇയാളുടെ സഹോദരൻ ഷാമോനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഇയാളും സുഹൃത്തുക്കളും ചേർന്ന് വാഴക്കുളം ബസ്റ്റാന്റിന് അടുത്തുവച്ച് ഷാമോനെ മർദിച്ചിരുന്നു. തുടർന്ന് ഷാമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മദ്യപാനത്തെതുടർന്നുണ്ടായ തർക്കമാണ് കൊലയ്ക്കുപിന്നിലെന്ന് സംശയിക്കുന്നു. വാരിയെല്ല് തകർന്ന് അസ്ഥി ഹൃദയത്തിലേക്ക് തുളച്ചു കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് സംഭവത്തിൽ വഴിത്തിരിവായത്. അറസ്റ്റിലായ ഷിന്റോയെ നാളെ കോടതിയിൽ ഹാജരാക്കും.