നെഹ്റു ട്രോഫി വള്ളംകളി അനിശ്ചിതമായി മാറ്റിവയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല: മന്ത്രി വാസവൻ
Sunday, September 1, 2024 3:12 PM IST
കോട്ടയം: നെഹ്റു ട്രോഫി വള്ളംകളി അനിശ്ചിതമായി മാറ്റിവയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വി.എൻ.വാസവൻ. ഓണക്കാലത്തോട് അനുബന്ധിച്ച് വള്ളംകളി നടത്തുന്നത് സജീവ പരിഗണനയിലാണെന്നും മന്ത്രി പ്രതികരിച്ചു.
കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നെഹ്റു ട്രോഫി വള്ളംകളി നാടിന്റെ വികാരമാണ്. വയനാട് പ്രകൃതി ദുരന്തം മൂലമാണ് അത് മാറ്റിവച്ചത്.
ദുരന്തഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിലവിൽ മുറയ്ക്ക് നടക്കുന്നതിനാൽ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്തുവാനുള്ള ആലോചന സജീവമായിട്ടുണ്ട്. ഇതിന് ആവശ്യമായുള്ള ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കും. ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും, ക്ലബുകരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.