രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ബി. ഉണ്ണികൃഷ്ണൻ
Sunday, September 1, 2024 10:46 AM IST
തിരുവനന്തപുരം: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളികാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സിനിമാമേഖല ജെൻഡർ സെൻസിറ്റീവ് ആകണമെന്നും സ്ത്രീകളോടുള്ള വീക്ഷണത്തിൽ മാറ്റം വരണമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
കാരവാൻ അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ട്.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രാധികയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വേതനത്തിൽ ചൂഷണം നടക്കുന്നുണ്ട്. കോ-ഓർഡിനേറ്റേഴ്സ് ചൂഷണം ചെയ്യുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പെട്ടെന്നുള്ള പ്രതികരണമല്ല, സൂക്ഷ്മമായ അപഗ്രഥനമാണ് വേണ്ടതെന്ന് കരുതി. ചില നടൻമാരുടെ നിർദ്ദേശാനുസരണമാണ് പ്രതികരണം വൈകിയതെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.
എല്ലാ പേരുകളും പുറത്തുവരണമെന്ന് ആദ്യം പറഞ്ഞത് ഫെഫ്കയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കുറ്റാരോപിതരുടെ ഭാഗവും വ്യക്തമായി കേൾക്കണം. സിനിമാ മേഖലയിൽ മാത്രമല്ല എല്ലായിടങ്ങളിലും പ്രബലഗ്രൂപ്പുകളുണ്ട്.
ജൂനിയർ ആർട്ടിസ്റ്റുകളോട് വിവേചനമുണ്ട്. ഇത് പരിഹരിക്കണം. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന കോ-ഓർഡിനേറ്റേഴ്സിന് ലൈസൻസ് കൊണ്ടുവരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.