മനുഷ്യാവകാശ പ്രവര്ത്തകൻ കനവ് ബേബി അന്തരിച്ചു
Sunday, September 1, 2024 10:19 AM IST
വയനാട്: എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.ജെ.ബേബി(കനവ് ബേബി-70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി തന്റെ നാടുഗദ്ദിക എന്ന നാടകവുമായി സംസ്ഥാനത്തെമ്പാടും സഞ്ചരിച്ചു. നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ തുടങ്ങിയവ ബേബിയുടെ കൃതികളാണ്. മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.
കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27 നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറിപ്പാർത്തു. നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും അവരെ സ്വയംപര്യാപ്തമാക്കാനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.