ലൈംഗികാതിക്രമ പരാതി: ജാമ്യം തേടി മണിയൻപിള്ള രാജു
Sunday, September 1, 2024 1:53 AM IST
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ജാമ്യാപേക്ഷയുമായി നടൻ മണിയൻപിള്ള രാജു. ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി കോടതിയിൽ എത്തിയത്.
എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചത്. സെപ്റ്റംബർ ആറിലേക്ക് ഹർജി മാറ്റി.
നടിയുടെ പരാതിയിൽ ഐപിസി 356, 376 വകുപ്പുകൾ പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.
കൊച്ചിയിലെ നടിയുടെ പരാതിയിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് കേസുകൾ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റർ ചെയ്തത്. നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്.