മുകേഷ് രാജിവയ്ക്കേണ്ടതില്ല; ഏത് ഉന്നതനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും: എം.വി. ഗോവിന്ദൻ
Saturday, August 31, 2024 4:04 PM IST
തിരുവനന്തപുരം: സിനിമ നയ രൂപീകരണത്തിനായി സമിതിയെ രൂപീകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺക്ലേവിനെതിരേ നിലപാടുകൾ ഉണ്ടായിട്ടുണ്ട്. ഇത് ചർച്ചചെയ്ത് മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
റിപ്പോർട്ട് പൂർണമായി പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടു. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉള്ളതിനാലായിരുന്നു ഇത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കും. ഭരണപക്ഷ എംഎൽഎയ്ക്ക് എതിരേ ഉൾപ്പെടെ കേസെടുത്ത് മുന്നോട്ട് പോകുന്ന സർക്കാരണ് ഇത്. ഈ സർക്കാർ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിന്റെ രാജിയെ സംബന്ധിച്ചുള്ള ഗൗരവകരമായ ചർച്ചയാണ് ഇവിടെ നടക്കുന്നത്. 16 എംപിമാരും135 എംഎൽഎമാരും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവർ ആരും ഈ സ്ഥാനം രാജിവച്ചിട്ടില്ല.
കേരളത്തിൽ ഇപ്പോളും രണ്ട് എംഎൽഎമാർക്ക് എതിരായി കേസുകളുണ്ട്. അതിൽ ഒരാൾ ജയിലിൽ ഉൾപ്പെടെ കിടക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം ആരോപണം നേരിടേണ്ടിവന്ന കോൺഗ്രസ് നേതാക്കൾ ആരും സ്ഥാനം രാജിവച്ചിട്ടില്ല.
കുഞ്ഞാലിക്കുട്ടി, നീലലേഹിതദാസൻ നാടാർ , പി.ജെ. ജോസഫ് എന്നിവർ കേസിൽ പ്രതിയായിരുന്നപ്പോൾ മന്ത്രിസ്ഥാനമാണ് രാജിവച്ചിരുന്നത്. അവർ ആരും എംഎൽഎ സ്ഥാനം രാജിവച്ചില്ല.
കുറ്റം ആരോപിക്കപ്പെട്ടയാൾ എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞാൽ അവരെ തിരിച്ചെടുക്കുന്നതിന് നിയമമില്ല. അത്തരമൊരു നിലപാട് സാമാന്യ നീതി നിഷേധിക്കലാണ്. അതിനാൽ ഇക്കാര്യത്തിലും അത്തരം നിലപാട് സ്വീകരിക്കാനാവില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
എന്നാൽ ഇതുമായി ബന്ധപ്പെട്ട സമിതിയിൽ ഇവർ അംഗമായി ഇരിക്കുന്നത് ശരിയല്ലെന്നാണ് പാർട്ടി നിലപാട്. നീതി എല്ലാവർക്കും ലഭ്യമാകണമെന്നാണ് പാർട്ടി നിലപാട്. എംഎൽഎ എന്ന നിലയിൽ അന്വേഷണത്തിൽ യാതൊരു പരിഗണനയും ലഭിക്കില്ല. ഏത് ഉന്നതെനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു.