പ്രഖ്യാപനം നടത്തേണ്ടത് പാർട്ടി; തീരുമാനം എന്തായാലും സ്വീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണന്
Saturday, August 31, 2024 3:34 PM IST
തിരുവനന്തപുരം: പുതിയ ഇടത് മുന്നണി കൺവീനർ പദവിയെക്കുറിച്ചുള്ള വാർത്തകളിൽ പ്രതികരണവുമായി സിപിഎം നേതാവ് ടി.പി രാമകൃഷ്ണന്. കൺവീനർ സ്ഥാനം സംബന്ധിച്ച് പ്രഖ്യാപനം നടത്തേണ്ടത് പാർട്ടിയാണെന്നും എന്ത് ചുമതല നൽകിയാലും താൻ അത് സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരത്തെ പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ വെള്ളിയാഴ്ച ഉച്ചവരെ താൻ ഉണ്ടായിരുന്നു. അതുവരെ താന്‍ കണ്‍വീനറാകണമെന്ന തീരുമാനം എടുത്തിട്ടില്ല. ഈ വിഷയത്തില്‍ വ്യക്തിപരമായി മറുപടി പറയുന്നത് ശരിയല്ല.
പാര്‍ട്ടി തീരുമാനം തന്നെ അറിയിച്ചിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇ.പി.ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത്. ബിജെപി ബാന്ധവ വിവാദത്തിന്റെ പേരിലാണ് ഇപിക്കെതിരേ അച്ചടക്ക നടപടി ഉണ്ടായത്. മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി.പി.രാമകൃഷ്ണന് പകരം ചുമതല നൽകാൻ യോഗം തീരുമാനിക്കുകയായിരുന്നു.