താന്‍ പവര്‍ ഗ്രൂപ്പില്പെട്ടയാളല്ല; എന്തിനും കുറ്റപ്പെടുത്തുന്നത് "അമ്മയെ': മോഹന്‍ലാല്‍
Saturday, August 31, 2024 2:29 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. സിനിമ സമൂഹത്തിന്റെ ഒരു ചെറിയ ഭാഗമാണെന്നും മറ്റെല്ലാ മേഖലയിലും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ആ കാര്യങ്ങളെ ന്യായീകരിക്കുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരുപാട് നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നത്. എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാള്‍ വിചാരിച്ചാല്‍ നിയമം മാറ്റാന്‍ സാധിക്കില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എല്ലാത്തിനും ഉത്തരം പറയേണ്ടത് അമ്മ എന്ന സംഘടനയല്ല; മറിച്ച് സിനിമാ രംഗം ആകെയാണ്. എന്നാല്‍ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്.
അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. അമ്മയ്ക്ക് അംഗങ്ങള്‍ക്ക് പെന്ഷന് കൊടുക്കാനുണ്ട്, ഇന്‍ഷുറന്‍സ് കൊടുക്കാനുണ്ട്, വീടുകള്‍ നിര്‍മിച്ച് നല്‍കാനുണ്ട്, മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിര്‍ത്തിവച്ചിട്ടില്ല.
ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിലാണ് അഭിഭാഷകരോടും മുതിര്‍ന്ന താരങ്ങളോടും അടക്കം സംസാരിച്ച് താന്‍ അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസ് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നു. നിലവിലെ സാഹചര്യം നിമിത്തം ചിത്രം ഉടന്‍ റിലീസ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
1978ല്‍ അഭിനയരംഗത്തു വന്ന ആളാണ് താന്‍. 47 വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ ഉള്‍പ്പെടുന്ന മലയാളം ഇന്‍ഡസ്ട്രിയുടെ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വന്നതില്‍ വളരെയധികം വിഷമം ഉണ്ട്. പതിനായിക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന മേഖലയെ തകര്‍ക്കരുതെന്നാണ് തന്റെ അഭ്യര്‍ഥന.
താന്‍ അഭിനയത്തിലേക്ക് വന്നപ്പോള്‍ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണിതിപ്പോള്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകര്‍ക്കരുത്. ഡബ്ല്യുസിസി, അമ്മ എന്നതെല്ലാം ഒഴിവാക്കൂ. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കൂ
ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അത് പോലീസില്‍ അറിയിക്കുക. സര്‍ക്കാരും പോലീസും കുറ്റക്കാര്‍ക്കെതിരെയുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് അസോസിയേഷന് ഉണ്ടാകണം. താന്‍ പവര്‍ ഗ്രൂപ്പില്പെട്ടയാളല്ല. അങ്ങനെയൊരു കാര്യം താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.
തന്റെ കൈയില്‍ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ താനെന്താണ് പ്രതികരിക്കേണ്ടത്. പരാതികള്‍ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. താന്‍ ഇത്തരം പ്രസ് കോണ്‍ഫറന്‍സുകളെ നേരിടുന്ന ആളല്ല. തനിക്ക് ആധികാരികമായി സംസാരിക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ വിഷയത്തില്‍ പ്രതികരിച്ചത്.