മാർ തോമസ് തറയിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ്
Friday, August 30, 2024 3:30 PM IST
കോട്ടയം: ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സീറോ മലബാർ സഭാ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്.
നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബിഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഇടവക തറയിൽ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയതാണ് മാർ തറയിൽ. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈസ്കൂൾ പഠനവും എസ്ബി കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി.
1989ൽ വൈദികപരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും നടത്തി.
2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ പവ്വത്തിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരന്പുഴ, നെടുംകുന്നം, എടത്വാ പള്ളികളിൽ സഹവികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു.
2004-ൽ റോമിലേക്ക് ഉപരിപഠനത്തിനു പോയി ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു മനഃശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. ആലപ്പുഴ പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് 2017ൽ സഹായ മെത്രാനായി നിയമിതനായത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.