ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും
Friday, August 30, 2024 11:01 AM IST
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ ഇന്നു ബിജെപിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം എടുക്കുന്നത്.
ഡൽഹിയിൽ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണു സോറൻ ബിജെപി പ്രവേശം സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സോറന്റെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം, ജാർഖണ്ഡ് മുക്തി മോർച്ച വിട്ടെത്തുന്ന ആദിവാസി നേതാവ് ചംപെയ് സോറനെ ബിജെപിയിൽ ചേർക്കുന്നതിൽ ആശങ്കയറിച്ച് ജാർഖണ്ഡിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതിനെത്തുടർന്നാണു ചംപെയ് ജാർഖണ്ഡ് മുഖ്യമന്ത്രിയായത്. ഹേമന്ത് സോറനു ജാമ്യം ലഭിച്ചതിനെത്തുടർന്ന് ചംപെയ് സോറന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെയും രാജിവച്ചപ്പോഴും തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണു ചംപെയ് പാർട്ടി വിട്ടത്. കഴിഞ്ഞ 18 മുതൽ ഡൽഹിയിലെത്തി ക്യാന്പ് ചെയ്തിരുന്ന ചംപെയ് സോറനോടൊപ്പം എത്ര എംഎൽഎമാർ ഉണ്ടാകുമെന്നു വ്യക്തമായിട്ടില്ല.
നവംബറിലാണ് ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. ചംപെയ് സോറൻ കൂറുമാറിയാലും ജെഎംഎം-കോണ്ഗ്രസ് സഖ്യത്തിന്റെ സാധ്യതകളെ ബാധിക്കില്ലെന്നാണ് ഇരുപാർട്ടികളുടെയും അവകാശവാദം.