ട്രെയിനിൽ നിന്ന് വീണ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു
Friday, August 30, 2024 9:53 AM IST
കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ യുവാവിന് മറ്റൊരു ട്രെയിൻ തട്ടി ദാരുണാന്ത്യം. പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്.
ബുധനാഴ്ച അർധരാത്രിയോടെ മീഞ്ചന്ത മേൽപാലത്തിന് സമീപമായിരുന്നു അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നോയലിന് ഒപ്പമുണ്ടായിരുന്നവർ ആദ്യം സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് എറണാകുളത്തെത്തിയപ്പോൾ ഇവർ അപകടവിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജിലെ ബിടെക് അവസാന വർഷ വിദ്യാർഥിയാണ് നോയൽ. മംഗളൂരുവിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകുകയായിരുന്നു. കഴിഞ്ഞ 23ന് ഇൻഡസ്ട്രിയൽ വിസിറ്റിനായി മംഗളൂരുവിലേക്കു പോയതാണ്. അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കും.