ലൈംഗികാരോപണം; ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞു
Thursday, August 29, 2024 7:51 PM IST
തൃശൂര്‍: നടന് ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞു. തനിക്കെതിരേ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായി ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് സ്ഥാനത്തുനിന്ന് ഒഴിവാകുന്നത്. കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടതിനാലാണ് ഇത്തരം ഒരു തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇടവേള ബാബു സ്ഥാനം ഒഴിയണമെന്ന് പൊതുപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാബു നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ സ്ഥാനം ഒഴിഞ്ഞത്.